Monday, May 21, 2012

A wonderfull story

നമുക്ക് പിരിയാമെന്ന ഭാര്യയുടെ വാക്കുകള്‍ ഭര്‍ത്താവില്‍ ഞെട്ടലുളവാക്കി. അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. ''എന്തുപറ്റി? എന്താണ് കാരണം?'' ഭര്‍ത്താവ് ചോദിച്ചു. ''ഞാന്‍ മടുത്തു'' ഭാര്യ പറഞ്ഞു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്വഭാവവും താല്പര്യങ്ങളും എതിര്‍ ധ്രുവങ്ങളിലായിരുന്നു. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെയായിരുന്നു അവരുടെ വിവാഹം. ജീവിതം ആഘോഷിക്കണമെന്ന ചിന്തയായിരുന്നു അവള്‍ക്ക്. എന്നാല്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിന് എപ്പോഴും ജീവിതം ഗൗരവം നിറഞ്ഞതായിരുന്നു. തന്നെ ഭര്‍ത്താവ് വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല, ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നില്ല എന്നൊക്കെയുള്ള ചിന്തകള്‍ ഭാര്യയില്‍ വീര്‍പ്പുമുട്ടല്‍ സൃഷ്ടിച്ചു. അതാണവരുടെ ബന്ധം തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയത്. മുറിയില്‍ നിശബ്ദത തളംകെട്ടിനിന്നു. ഇത്രയും പ്രധാനപ്പെട്ടൊരു കാര്യം പറഞ്ഞിട്ടും ഭര്‍ത്താവ് പ്രതികരിക്കാതിരുന്നപ്പോള്‍ ഭാര്യയുടെ വാശികൂടി.

''നിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?'' അവസാനം അയാള്‍ ചോദിച്ചു.
മുറ്റത്തുനില്ക്കുന്ന ഉയരമുള്ള മാവിലേക്ക് വിരല്‍ ചൂണ്ടിയിട്ട് ഭാര്യ പറഞ്ഞു, ''മരത്തിന്റെ മുകളിലുള്ള കിളിക്കൂട്ടിലെ പക്ഷിക്കുഞ്ഞിനെ എനിക്കെടുത്തുതരുമോ? ബാക്കിക്കാര്യങ്ങള്‍ അപ്പോള്‍ പറയാം.'' ഭര്‍ത്താവിന് മരത്തില്‍ കയറാന്‍ അറിയില്ലെന്നത് അവള്‍ക്കറിയാമായിരുന്നു. തനിക്കുവേണ്ടി അങ്ങനെയൊരു റിസ്‌ക്കെടുക്കാന്‍ അദ്ദേ ഹം തയാറാകുമോ എന്നറിയുന്നതിനും, തന്റെ ആഗ്രഹങ്ങള്‍ പരിഗണിക്കുന്നില്ലെന്നുള്ള ചിന്തയില്‍ നിന്നുമാണ് വിചിത്രമായ ആഗ്ര ഹം പ്രകടിപ്പിച്ചത്. ''രാവിലെ മറുപടി പറയാം'' അയാള്‍ പറഞ്ഞു.

പ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ ഒരു കത്തിരിക്കുന്നത് കണ്ടു. കയ്യക്ഷരം കണ്ടപ്പോള്‍ ഭര്‍ത്താവ് എഴുതിയതാണെന്ന് അവള്‍ക്ക് മനസിലായി. ''പ്രിയപ്പെട്ട നിമ്മി, ക്ഷമിക്കണം. മരത്തില്‍ കയറാന്‍ എനിക്കറിയില്ല. എന്നാല്‍, എന്റെ ഭാഗം മുഴുവന്‍ കേള്‍ക്കാന്‍ തയാറാകണം.'' ആദ്യത്തെ വരി വായിച്ചപ്പോള്‍ അവളുടെ ഹൃദയമിടിപ്പുകൂടി. ''നീ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, ടി.വി., മൊബൈല്‍ഫോണ്‍ തുടങ്ങിയവ കേടായാല്‍ അത് എനിക്ക് നന്നാക്കാന്‍ ബുദ്ധിമുട്ടില്ല. നമ്മുടെ വീടിന്റെ താക്കോല്‍ നിന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടാല്‍, വാതില്‍ ചവിട്ടിത്തുറക്കാന്‍ പ്രയാസമില്ല. നിനക്ക് യാത്രകള്‍ പൊതുവേ ഇഷ്ടമാണല്ലോ. പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ വഴിതെറ്റാതെ നോക്കാന്‍ എനിക്ക് കഴിയും. നിനക്ക് കൂടെക്കൂടെ ഉണ്ടാകുന്ന കൈകഴപ്പ് വരുമ്പോള്‍ തിരുമ്മിത്തരുന്നതിനും പ്രയാസമില്ല.'' ഈ തീരുമാനങ്ങള്‍ സമ്മതമാണെങ്കില്‍ കതക് തുറക്കുക എന്ന അഭ്യര്‍ത്ഥനയോ ടെയായിരുന്നു ആ കുറിപ്പ് അവസാനിപ്പിച്ചിരുന്നത്. കത്തു വായിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് എത്ര നിഷ്‌കളങ്കനാണെന്ന് അവള്‍ക്ക് തോന്നി.

അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരവും പിടിച്ച് ചിരിച്ചുകൊണ്ട് നില്ക്കുന്ന ഭര്‍ത്താവിനെയാണ് കതകു തുറന്നപ്പോള്‍ കണ്ടത്.

No comments:

Post a Comment